തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമകേസിൽ ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സർക്കാർ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്നും അധികാരവും പൊലീസും കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും സതീശൻ ആരോപിച്ചു. ഇ പി ജയരാജനെതിരെ കേസെടുക്കാത്തത് സംഭവത്തിൽ ഇരട്ടനീതിയാണ് നിലനിൽക്കുന്നത് എന്നതിനുള്ള തെളിവാണെന്നും സതീശൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ഭീരുവാണെന്നും കേസ് നിയമപരമായി നേരിടുമെന്നും ശബരിനാഥൻ പ്രതികരിച്ചു. വൈദ്യ പരിശോധനക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ശബരീനാഥൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വിമാനത്തിൽ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത് മുഖ്യന്ത്രിയുടെ ഭീരുത്വത്തിന്റെ ഭാഗമായാണ്. ഞാന്‍ തീവ്രവാദിയൊന്നുമല്ല, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ച ഇ പി ജയരാജനെതിരെ കേസില്ല. എനിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയെ കേരള പൊലീസ് സംരക്ഷിക്കുന്നു. കേസിനെ നിയമപരമായും പാർട്ടി രാഷ്ട്രീയപരമായും നേരിടും’- ശബരീനാഥന് പറഞ്ഞു.
