മകരവിളക്ക് ദ൪ശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഖദ൪ശനം സാധ്യമാകട്ടെ എന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. മകരവിളക്കുമായി ബന്ധപ്പെട്ട ചടങ്ങുകൾ ജനുവരി 13 വൈകിട്ട് മുതലാണ് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈകിട്ട് 5 ന് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും.14ന് രാവിലെ ഉഷപൂജ കഴിഞ്ഞ് എട്ട് മണിയോടെ ബിംബ ശുദ്ധിക്രിയകൾ നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 15 പുല൪ച്ചെ 2 കഴിഞ്ഞ് നട തുറന്ന് സംക്രമ പൂജ ആരംഭിക്കും. സംക്രമ സമയമായ 2.46 ന് പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ് ഉപയോഗിച്ച് വിശേഷാൽ നെയ് അഭിഷേകം നടത്തും. തുടർന്ന് പതിവ് പൂജകൾ തുടരും.ഉച്ചയ്ക്ക് നട അടയ്ക്കുകയും വൈകിട്ട് 5 ന് തുറക്കുകയും ചെയ്യും.
തുടർന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. ആറരയോടെ തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന നടക്കും. തിരുവാഭരണ വിഭൂഷിതനായ ഭഗവാൻ പ്രത്യേക ഭാവത്തിലേക്ക് മാറും. ദീപാരാധനയോട് അനുബന്ധിച്ചാകും പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമാകുക. ശബരിമലയിലെ ഏറ്റവും പഴക്കംചെന്ന ഉത്സവമാണ് മകരവിളക്ക് ഉത്സവമെന്നും അദ്ദേഹം പറഞ്ഞു.