പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.
തുടര്‍ന്ന് ഉപദേവതാക്ഷേത്ര നടകളും തുറന്ന് ദീപം തെളിച്ചശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകരും.ശേഷം ശ്രീകോവിലിനുമുന്നിലായി ഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.തുലാമാസം ഒന്നായ 17 ന് രാവിലെ 5 മണിക്ക് ആണ് നട തുറക്കുക.തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് പൂജകളും നെയ്യഭിക്ഷേകവും ഗണപതി ഹോമവും നടക്കും.ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.മേല്‍ശാന്തി നറുക്കെടുപ്പിനായി, മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക.
പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുക്കുക.മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രശ്രീകോവിലിനുമുന്നിലായി നടക്കും.9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും.അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു,ബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി,പി.എം.തങ്കപ്പന്,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന് റിട്ടേര്‍ഡ് ജസ്റ്റിസ് എന്‍.ഭാസ്കരന്,ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര വാര്യർ തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയില്‍ സന്നിഹിതരാകും.
ഈ മാസം 17 മുതല്‍ 21 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും.വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് മാത്രമാണ് പ്രവശനാനുമതി.ബുക്കിംഗ് ലഭിച്ചവര്‍ കോവിഡ് 19 പ്രതിരോധത്തിന്റെ രണ്ട് ഡോസ് വാക്സിന് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനായി എത്തിച്ചേരുമ്പോള്‍ കൈയ്യില്‍ കരുതേണ്ടതാണ്.
തുലാമാസപൂജകള്‍ക്കായി നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ നെയ്യഭിഷേകം,ഉദയാസ്തമനപൂജ,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി നവംബര്‍ 2 ന് വൈകുന്നേരം ശബരിമല ക്ഷേത്ര നട വീണ്ടും തുറക്കും.നവംബര്‍ 3 ന് ആണ് ആട്ട ചിത്തിര.പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കി തിരുനട 3 ന് രാത്രി അടയ്ക്കും.1197ലെ മണ്ഡലം- മകരവിളക്ക് ഉല്‍സവത്തിനായി 15 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.
Trending
- ലാമിയ അസോസിയേഷനും ബി.ഐ.ബി.എഫും സഹകരണ കരാര്‍ ഒപ്പുവെച്ചു
- ജറുസലേമിന് സമീപം ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി