
കോട്ടയം: ശബരിമല തീർഥാടകസംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ കോരുത്തോട് ശബരിമല പാതയിൽ കോസടി കവലയ്ക്കു സമീപമാണ് അപകടം. ഇറക്കം ഇറങ്ങിവന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മധുര സ്വദേശികളായ അറുമുഖം (40), മുരുകൻ (47), അനിരുദ്ധൻ (14) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് ശബരിമല പാതയിൽ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് കോസടി. കുത്തിറക്കവും വളവും നിറഞ്ഞ ഇവിടെ അപകടങ്ങൾ പതിവാണ്. ഇറക്കം ഇറങ്ങി വന്ന ബസ് ക്രാഷ് ബാര്യറുകൾ തകർത്താണ് മറിഞ്ഞത്.


