പത്തനംതിട്ട: തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നേരത്തെ മാളികപ്പുറം മേൽശാന്തി ആയി ജോലി നോക്കിയിരുന്നു. ഇപ്പോൾ നാറാണത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയാണ്. 7.30 ന് ഉഷപൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു.
ആദ്യം ശബരിമല മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ട 9 ശാന്തിമാരുടെയും പേരുവിവരങ്ങൾ സ്പെഷ്യൽ കമ്മീഷണർ ഉറക്കെ വായിച്ചു. അതിനു ശേഷം ശബരിമല മേൽശാന്തി യോഗ്യതാ പട്ടികയിൽ ഇടം നേടിയ 9 പേരുടെ പേരുകൾ എഴുതിയ തുണ്ട് കടലാസുകൾ, പേരുകൾ വീണ്ടും വായിച്ച ശേഷം നറുക്കെടുപ്പിന് സാക്ഷിയായവരെ സ്പെഷ്യൽ കമ്മീഷണർ അത് ഉയർത്തി കാട്ടി. തുടർന്ന് അവ ഓരോന്നായി ചുരുളുകളാക്കി ഒന്നാമത്തെ വെള്ളി പാത്രത്തിൽ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളി പാത്രത്തിൽ മേൽശാന്തി എന്ന് എഴുതിയ ഒരു തുണ്ടും, 8 ഒന്നും എഴുതാത്ത തുണ്ടും നിക്ഷേപിക്കുകയായിരുന്നു. പിന്നേട് ഇരു പാത്രങ്ങളും അയ്യപ്പൻ്റെ പാദാരവിന്ധങ്ങളിൽ വച്ച് പൂജിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് കൈമാറി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പൂജയ്ക്ക് ശേഷം തട്ടം പുറത്തേക്ക് നൽകി. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ കൗശിക് വർമ്മ ആണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്. ഏഴാമത്തെ നറുക്കിലൂടെ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിയോഗിച്ച നറുക്കെടുപ്പ് നിരീക്ഷകൻ റിട്ട. ജസ്റ്റിസ് പത്മനാഭൻ നായർ തുടങ്ങിയവർ നറുക്കെടുപ്പിന് സാക്ഷികളായി. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. പുറപ്പെടാ ശാന്തിമാരായ ഇരുവരും നവംബർ 15 ന് ശബരിമലയിൽ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ 16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും.