കോവിഡ് -19 കൂടുതല്‍ വ്യാപനം തടയാന്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സാർക്ക് രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി സാർക്ക് രാജ്യത്തലവൻമാരുടെ വീഡിയോ കൺഫറൻസ് നാളെ നടക്കും. വൈകുന്നേരം അഞ്ച് മണിയ്ക്ക് നടക്കുന്ന വീഡിയോ കോൺഫറൻസിൽ ഇന്ത്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പങ്കെടുക്കുക.
വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുനന്മക്കായി ഒത്തുചേരുന്നു എന്ന തലക്കെട്ടോടെയുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സാര്‍ക്ക് അംഗങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ച് കോവിഡ് വൈറസ് ബാധ തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഇത് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വിവിധ രാഷ്ടങ്ങൾ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
വൈറസ് ബാധ തടയുന്നതിന് ആഗോള, പ്രാദേശിക തലങ്ങളില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നായിരുന്നു മോദിയുടെ ആഹ്വാനത്തോട് പാകിസ്താൻ പ്രതികരിച്ചത്. ഭൂട്ടാന് പ്രധാനമന്ത്രി ലൊതെ ഷെറിംഗ്, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോദാബയ രാജപക്സെ എന്നിവരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തിരുന്നു.