ആർഎസ്എസിന്റെ വെളിപ്പെടുത്തലോടെ പുറത്തായത് പ്രതിപക്ഷനേതാവി ഡി സതീശന്റെ കപട മതേതരത്വമെന്ന് സി പി ഐ എം സംസ്ഥാന സമിതിയംഗം എസ്.ശർമ. വിഡി സതീശൻ്റെ രാഷ്ട്രീയ വഞ്ചനയുടെയും കാപട്യത്തിന്റെയും മൂടുപടമാണ് സ്വയം വെളിവാക്കിയത്. ആർഎസ്എസിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് തയാറാകാതിരുന്നത്, അദ്ദേഹം അകപ്പെട്ട അവസ്ഥയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് എസ്.ശർമ ആരോപിച്ചു.
സംഘപരിവാർ ചടങ്ങിൽ പങ്കെടുത്തത് മറച്ചുവച്ച്, തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ദുരാരോപണം ഉന്നയിക്കുന്ന വി ഡി സതീശൻ, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോട് പരസ്യമായി മാപ്പുപറയാൻ തയാറാവണമെന്നും എസ് ശർമ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആർ എസ് എസിന്റെ വെളിപ്പെടുത്തലോടെ പുറത്തായത് പ്രതിപക്ഷനേതാവിന്റെ കപട മതേതരത്വം.
ഗോൾവാക്കറുടെ വിചാരധാരയിലെ ചില കാര്യങ്ങളുമായി സജി ചെറിയാന്റെ പ്രസംഗത്തെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ആർ എസ് എസിന്റെ വെളിപ്പെടുത്തലോടെ തന്റെ രാഷ്ട്രീയ വഞ്ചനയുടെയും കാപട്യത്തിന്റെയും മൂടുപടമാണ് സ്വയം വെളിവാക്കിയത്. ആർ എസ് എസിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറാകാതിരുന്നത്, അദ്ദേഹം അകപ്പെട്ട അവസ്ഥയുടെ ആഴം വ്യക്തമാക്കുന്നതാണ്.
1948 ജനുവരി 30 – ന് ബിർള മന്ദിരത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ഗോഡ്സെ ഒരു പ്രാവശ്യമാണ് വെടിവെച്ചു കൊലപ്പെടുത്തിയതെങ്കിൽ,
നാല് വോട്ടിനുവേണ്ടി ഗാന്ധിജിയുടെ ആത്മാവിനെ പലപ്രാവശ്യമാണ് കോൺഗ്രസ് കൊലപ്പെടുത്തിയത് .
സംഘപരിവാറിന്റെ ചടങ്ങിൽ പങ്കെടുത്തത് മറച്ചുവച്ച്, തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ദുരാരോപണം ഉന്നയിക്കുന്ന വി ഡി സതീശൻ, ആർ എസ് എസ് തെളിവ് സഹിതം പുറത്തുവന്ന വാർത്തയുടെ പശ്ചാത്തലത്തിൽ, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോട് പരസ്യമായി മാപ്പുപറയാൻ തയ്യാറാവണം.

Summary: S Sarma Facebook Post Against V D Satheesan