കൊച്ചി: മലയാളിയായ ആൺസുഹൃത്തിന്റെ പീഡനത്തെ തുടർന്ന് റഷ്യൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇടപെട്ട് റഷ്യൻ കോൺസുലേറ്റ്. യുവതിയെ കോഴിക്കോട് നിന്ന് റഷ്യയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. കോൺസുലേറ്റ് അധികൃതർ യുവതിയുടെ അമ്മയുമായി ഇക്കാര്യം സംസാരിച്ചു. കേസ് കോടതിയിലായതിനാൽ കോടതിയുടെ അനുമതിയോടെ യുവതിയെ നാട്ടിലെത്തിക്കാനാണ് തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ അഖിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പരാതി. കമ്പികൊണ്ട് മർദ്ദിച്ചെന്നും പാസ്പോർട്ട് കീറികളഞ്ഞെന്നും യുവതി പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് ആഖിലിന്റെ കാളങ്ങാലിയിലെ വീട്ടിൽ നിന്ന് മർദ്ദനമേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റഷ്യൻ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാലാണ് കേസെടുക്കാതിരുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെ മൊഴിയെടുത്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതി ബലമായി ലഹരി നൽകി ബലാത്സംഗം ചെയ്യുകയും നിരന്തരം മർദ്ദിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.