മന്ത്രി പി രാജീവിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രിയുടെ വീട്ടിൽ വന്ന കാര്യം നാട്ടിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഭരണപക്ഷ എംഎൽഎ മാർ തന്നെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നു. ഇത് കോഡിനേറ്റ് ചെയ്തത് പി രാജീവെന്നും വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ഐക്യവേദി നേതാവ് മന്ത്രി പി രാജീവിന്റെ വീട്ടിൽ നിത്യസന്ദർശകനെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നത്. ഇതിനെതിരെ പി രാജീവ് തന്നെ ഇന്നലെ രംഗത്ത് വന്നിരുന്നു. ഈ ആരോപണം തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം. ഒരുദിവസം പോലും ഹിന്ദു ഐക്യവേദി നേതാവ് തന്റെ വീട്ടിൽ വന്നിട്ടില്ലെന്ന് പി രാജീവ് പറഞ്ഞു.
ഇന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടപ്പോൾ ഇന്നലെ പറഞ്ഞ അതെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മന്ത്രി തന്നെയാണ് ഈ വിഷയം കൂടുതൽ കുഴപ്പത്തിലാക്കിയതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തനിക്കെതിരെ നിയമസഭയിൽ ഭരണപക്ഷ എംഎൽഎമാർ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു രീതിയുണ്ട്, ഇതിന് നിർദേശം നൽകുന്നത് മന്ത്രി പി രാജീവാണെന്നും വി ഡി സതീശൻ പറഞ്ഞു.

SUMMARY: “Ruling party MLAs are targeted and attacked by CPIM” says VD Satheesan