തിരുവനന്തപുരം: വാക്സിനേഷന് എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷന് എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും
ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ജില്ലകള്‍ക്ക് വാക്സിന് വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതിൽ വാക്സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്സിനേഷന് കണക്കെടുത്ത് ആനുപാതികമായി വാക്സിന് നല്കാന് ജില്ലകളും ശ്രദ്ധിക്കണം.
സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്റെയിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്ലതോതില്‍ വാക്സിൻ നല്കാനായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് കൂടി എത്രയും പെട്ടെന്ന് നല്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ഡബ്യൂഐപിആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പൂര്‍ണ്ണ ലോക് ഡൗണാണ്. ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാര്‍ഡ്തല ലോക് ഡൗണാകും ഏര്‍പ്പെടുത്തുക.
അധ്യാപകരെ സെക്ടറല്‍ മജിസ്ട്രേറ്റ് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉള്‍പ്പെടുത്താവുന്നതാണ്.
നിലവില്‍ എട്ട് ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്തിന്റെ പക്കലുണ്ട്. അത് ഉടന്‍ നല്കി തീര്‍ക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ഏണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്സിനേഷന് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.