തിരുവനന്തപുരം: ഷിബു ബേബി ജോൺ ഫെബ്രുവരിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റേക്കും. എ.എ. അസീസ് രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നേതൃമാറ്റം. ഇക്കാര്യം നേരത്തെ ആലോചിച്ചിരുന്നതായും കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനം എടുക്കുമെന്നും എ.എ അസീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് എ.എ അസീസ് നാലാം തവണയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഷിബു ബേബി ജോണാണ് അന്ന് അസീസിന്റെ പേര് നിർദ്ദേശിച്ചതും. എന്നാൽ മൂന്ന് മാസത്തിന് ശേഷം പാർട്ടിയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്.
ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാക്ക് പാലിക്കുകയാണ് എ.എ അസീസ്. ഫെബ്രുവരിയിൽ ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കുമെന്നും അസീസ് പറഞ്ഞു.