മറയൂർ : കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ കൊള്ളക്കാരോടും, ഒറ്റയാനോടും പോരടിച്ച് കണ്ണിലെ കൃഷ്ണമണി പോലെ കാക്കുകയാണ് പിങ്ക് ഫോറസ്റ്റ് ഗാർഡുകളായ മുരുകേശ്വരിയും, പ്രശാന്തിയും. ഇരുവരുടെയും കാവലിൽ 20,000 ത്തോളം ചന്ദനമരങ്ങളാണ് മറയൂരിലുള്ളത്.
വനം വാച്ചറായ മുരുകേശ്വരി 22 വർഷങ്ങൾക്ക് മുൻപ്, ചന്ദനമോഷണം സജീവമായിരുന്ന സമയത്താണ് ജോലിയിൽ പ്രവേശിച്ചത്. 2019 ൽ പ്രശാന്തി ബീറ്റ് ഫോറസ്റ്റ് ഓഫീസറായെത്തി. കൊടുംതണുപ്പും, മഞ്ഞും, കാടിന്റെ ഇരുളും ഇവർക്ക് പ്രശ്നമേയല്ല. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ നിബിഡവനത്തിലൂടെ ഇവർ നടക്കും.
വന്യമൃഗങ്ങളുടെ മണം പിടിച്ച്, കാട്ടിലെ വഴികളും, അപകടങ്ങളും തിരിച്ചറിയാനുള്ള മാർഗങ്ങളും ഇപ്പോൾ ഇവർക്കറിയാം. 5000 കോടി വിലമതിക്കുന്ന ചന്ദനമരങ്ങൾക്ക്, ഭയമില്ലാതെ അഭിമാനത്തോടെ കാവൽ നിൽക്കുകയാണിവർ.