‘ആര്‍ആര്‍ആര്‍’ സിനിമയുടെ ഓസ്കര് അവാര്‍ഡ് നേട്ടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയ. പണം മുടക്കിയാണ് ഓസ്കർ നേടിയതെന്നതടക്കമുള്ള ആരോപണങ്ങൾക്കാണ് കാർത്തികേയ മറുപടി പറഞ്ഞത്.
എങ്ങനെയാണ് ഇത്തരം ആരോപണങ്ങൾ വരുന്നതെന്ന് അറിയില്ല. ഓസ്കർ ക്യാമ്പയിനായി ധാരാളം പണം ചെലവഴിച്ചു. ഓസ്കാറിനായി ഞങ്ങൾക്ക് ധാരാളം പ്രചാരണം നടത്തേണ്ടിവന്നു. പബ്ലിസിറ്റി ബഡ്ജറ്റ് കണക്കിലെടുത്താണ് പണം ചെലവഴിച്ചത്. എന്നാൽ പണം നൽകി ഓസ്കർ നേടി എന്നത് ഒരു വലിയ തമാശയാണ്. 95 വർഷത്തെ ചരിത്രമുള്ള ഒന്നാണത്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് മാത്രമേ അവാർഡ് നൽകാൻ കഴിയൂ. ആരാധകരുടെ സ്നേഹം എങ്ങനെയാണ് പണം നല്കി വാങ്ങാൻ കഴിയുക. സ്റ്റീഫൻ സ്പിൽബർഗിന്റെയും ജെയിംസ് കാമറൂണിന്റെയും വാക്കുകൾ പണം നൽകി വാങ്ങാൻ കഴിയുമോയെന്നും കാർത്തികേയ ചോദിച്ചു.
‘ആർആർആറി’ലെ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും പണം നല്കി ടിക്കറ്റെടുത്താണ് ഓസ്കര് ചടങ്ങ് വീക്ഷിച്ചത് എന്ന അഭ്യൂഹങ്ങളോടും കാര്‍ത്തികേയ പ്രതികരിച്ചു. ഓസ്കർ നോമിനേഷൻ ലഭിച്ച കീരവാണിയെയും ചന്ദ്രബോസിനെയും ക്ഷണിച്ചു. നോമിനേഷൻ ഇല്ലാത്തവരെ കമ്മിറ്റി വിളിച്ചാലും ടിക്കറ്റ് എടുക്കണം. ഇതിനായി നോമിനേഷൻ ലഭിച്ചവർ മെയിൽ അയയ്ക്കണം. ‘ആർആർആർ’ ടീമിന് വേണ്ടി കീരവാണി ഇമെയിൽ അയച്ചിരുന്നു. ശേഷം ഓസ്കര് അവാര്‍ഡ് ചടങ്ങ് വീക്ഷിക്കാൻ വ്യത്യസ്ത ലെവല്‍ ടിക്കറ്റുകള്‍ പണം നല്കി എടുക്കുകയും ചെയ്തു. ഇത് ഔദ്യോഗികമായി ചെയ്തതാണെന്നും കാർത്തികേയ വ്യക്തമാക്കി.