മനാമ: അബുദാബിയിൽ നടന്ന എഫ്ഇഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം കരസ്ഥമാക്കി ബഹ്റൈനിലേക്ക് മടങ്ങിയെത്തിയ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരണം നൽകി. 160 കിലോമീറ്റർ ഓട്ടത്തിൽ 36 രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തിയ 126 ജോക്കികളെ പിന്തള്ളിയാണ് ഷെയ്ഖ് നാസർ ചരിത്രനേട്ടം സ്വന്തമാക്കിയത്. എഫ്ഇഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചതിനും പങ്കെടുക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതിനും ഹമദ് രാജാവ് യുഎഇ ഭരണാധികാരികളോട് നന്ദി പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, റോയൽ ഗാർഡ് കമാൻഡർ ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാനും, ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക്സും കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, എന്നിവരും ഷെയ്ഖ് നാസറിനെ സ്വാഗതം ചെയ്തു.
അൽ-സഖിർ എയർ ബേസിലെ ഗ്രാൻഡ് വിഐപി ലോഞ്ചിൽ ഗാർഡ് ഓഫ് ഓണർ നൽകി ഷെയ്ഖ് നാസറിനെ അഭിവാദ്യം ചെയ്തു. ഒരു കൂട്ടം വിദ്യാർത്ഥിനികളും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് അംഗങ്ങളും സ്പോർട്സ് ഫെഡറേഷനുകളുടെ പ്രസിഡന്റുമാരും സ്പോർട്സ് സ്ഥാപന മേധാവികളും ഹമദ് രാജാവിനെയും ഷെയ്ഖ് നാസറിനെയും അഭിനന്ദിച്ചു.
തനിക്ക് ലഭിച്ച നേട്ടം ബഹ്റൈൻ ഭരണാധികാരികൾക്കും ജനതക്കും അവകാശപ്പെട്ടതാണെന്ന് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി.