ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ലെ റോവറിന്റെ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്.ഒ. റോവറിനെ സുരക്ഷിതസ്ഥാനത്ത് നിര്‍ത്തിയതായും സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും അറിയിച്ചു. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതിനാലാണ് റോവറിനെ ഇതിലേക്ക് മാറ്റിയതെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്. സോമനാഥ് പറഞ്ഞു.
റോവറിലെ എ.പി.എക്സ്.എസ്, എല്‍.ഐ.ബി.എസ്. പേലോഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പേലോഡുകളിലെ വിവരങ്ങള്‍ ലാന്‍ഡര്‍ വഴി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജുള്ള റോവറിന്റെ സോളാര്‍ പാനലുകള്‍ അടുത്ത സൂര്യോദയമായ സെപ്റ്റംബര്‍ 22-ന് വെളിച്ചം ലഭിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിരിക്കുകയാണ്. റിസീവര്‍ ഓണ്‍ ആക്കിവെച്ചിരിക്കുകയാണ്. മറ്റൊരുകൂട്ടം ജോലികള്‍ക്കായി വീണ്ടും റോവര്‍ ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും നിലനില്‍ക്കുമെന്നും ഐ.എസ്.ആര്.ഒ. എക്സില്‍ കുറിച്ചു.
അതേസമയം, നാസയുടെ സഹായത്തോടെ നിര്‍മിച്ച ലാന്‍ഡറിലെ ലേസര്‍ റിട്രോറിഫ്ലെക്ടര്‍ അറേ ഉപകരണം പ്രവര്‍ത്തനം തുടരും. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രോപരിതലത്തിലിറങ്ങിയ ലാന്‍ഡറിനും റോവറിനും കാലാവധി നിശ്ചയിച്ചിരുന്നത്. രാത്രിയില്‍ ചന്ദ്രനില്‍ താപനില മൈനസ് 200 ഡിഗ്രിയിലും താഴെയാകാനുള്ള സാധ്യതയുണ്ട്. ഇത്രയും കൊടുംതണുപ്പിനെ അതിജീവിക്കാന്‍ ഉപകരണങ്ങള്‍ക്ക് സാധിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.