ഇടുക്കി: മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നത് പ്രതിഷേധാർഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നും, വെള്ളം തുറന്നുവിട്ടപ്പോഴും ഷട്ടർ ഉയർത്തിയപ്പോഴും അറിയിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്നാട് നടപടികൾ പാലിക്കാത്തത് ഗൗരവതരമാണെന്നും മന്ത്രി വിമർശിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹം തമിഴ്നാടുമായി സംസാരിക്കുമെന്നും റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട് റൂൾ കർവ് പാലിച്ചില്ലെന്നും, സുപ്രീം കോടതിയെ പരാതി അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ജനങ്ങളുടെ ജീവന് ഭീഷണിയായി തമിഴ്നാട് വെള്ളം തുറന്നുവിടുന്നുവെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് പറഞ്ഞു. വിഷയത്തിൽ കേരളാ സർക്കാരിനാണ് ആദ്യം ഗൗരവം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ അർദ്ധരാത്രി തുറന്ന പത്ത് ഷട്ടറുകളിൽ ഒൻപതെണ്ണം രാവിലെ ഏഴുമണിയോടെ അടച്ചിരുന്നു. പിന്നീട് രണ്ട് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 1261 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.