ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസ്റിലേക്കെന്ന് റിപ്പോർട്ട്. റൊണാൾഡോ സൗദി അറേബ്യയിൽ കളിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. 2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോ കരാറിൽ ഏർപ്പെടും. രണ്ടര വർഷം ക്ലബ്ബിന് വേണ്ടി കളിക്കും. ബാക്കിയുള്ള വർഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയുടെ ഫുട്ബോൾ അംബാസഡറായും സേവനമനുഷ്ഠിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സൗദിക്കൊപ്പം ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളും 2030 ലോകകപ്പിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2030 ലോകകപ്പ് നടക്കുന്ന രാജ്യത്തെ 2024 ഫിഫ കോൺഗ്രസിൽ പ്രഖ്യാപിക്കും.
ലോകകപ്പ് മത്സരങ്ങൾക്കിടെ താരം അൽ നാസ്റിലേക്കു പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റൊണാൾഡോ തന്നെ ഇത് നിഷേധിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതേതുടർന്ന് റൊണാൾഡോയുമായുള്ള കരാർ യുണൈറ്റഡ് അവസാനിപ്പിച്ചു.