കോഴിക്കോട്: ആദിവാസി കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ പൊടിമണ്ണില്‍ ടാര്‍ ചെയ്ത കരാറുകാരനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
ടാറിട്ട് കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി നിര്‍മിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നത്. ആവശ്യത്തിന് മെറ്റലു പോലും ഉപയോഗിക്കാതെ ചെയ്ത ടാറിങ് നാട്ടുകാര്‍ കൈകൊണ്ട് പൊളിച്ചു നീക്കിയാണ് പ്രതിഷേധം അറിയിച്ചത്.
റോഡ് നിര്‍മ്മിക്കുമ്ബോള്‍ സാധാരണയായി ചെയ്യേണ്ട പ്രവര്‍ത്തികള്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് മെറ്റല്‍ ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടില്ല. നേരിട്ട് മണ്ണില്‍ തന്നെ ടാര്‍ ഇടുകയായിരുന്നു. റോഡില്‍ വെള്ളം പോലും തളിക്കാതെ വെറുതെ ടാര്‍ ചെയ്തു പോയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. തുടര്‍ന്ന് ഇന്നലെ നാട്ടുകാര്‍ ഇടപെട്ട് ടാറിങ് ജോലികള്‍ നിര്‍ത്തിവെപ്പിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തിലെ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഏഴുകോടി ചെലവഴിച്ചുള്ള പദ്ധതിയിലാണ് കരാറുകാരന്റെ അനാസ്ഥ.