മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ ഫുട്ബോള്‍ കഴിവ് പ്രകടിപ്പിച്ച 13കാരന് റിസ്വാന് ഇനി ലൂക്ക ഫുട്ബോൾ ക്ലബ്ബിനൊപ്പം ചേരും. ഫുട്ബോള്‍ ജഗ്ലിങ്ങില്‍ മിടുക്ക് പ്രകടിപ്പിച്ച റിസ്വാന് ക്ലബ്ബിനൊപ്പം സഞ്ചരിച്ച് തുടര്‍ പഠനം നടത്താനാണ് തീരുമാനം. ചെറുപ്പം മുതലേ ഫുട്ബോളിനൊടുള്ള അടുപ്പം കണ്ടതോടെ അവനിലെ താരത്തെ വളര്‍ത്തി കൊണ്ട് വരാന്‍ മാതാപിതാക്കള്‍ ശ്രമിച്ചത്. എടപ്പാളിലുള്ള മാതാവിന്റെ വീട്ടിലെത്തുമ്പോള്‍ അമ്മാവന് ഖാദിര്‍ ബാഷ പരിശീലനത്തിന് കൊണ്ടുപോകാറുണ്ട്.
മലപ്പുറം മാറഞ്ചേരി വടമുക്ക് സ്വദേശിയും പൊന്നാനി താലൂക്ക് അര്‍ബന്‍ ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് റഷീദിന്റേയും എടപ്പാള്‍ വെങ്ങിനിക്കര സ്വദേശിനിയും മാറഞ്ചേരി സീഡ് ഗ്ലോബല്‍ സ്കൂള്‍ പ്രധാനാധ്യാപിക നജുമത്തിന്റേയും മകനാണ് റിച്ചു എന്ന് വിളിക്കുന്ന റിസ്വാന്. മാറഞ്ചേരി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. സമൂഹ മാധ്യമത്തില്‍ ഫുട്ബോള്‍ കഴിവ് പങ്ക് വച്ചത് ലക്ഷക്കണക്കിന് പേരാണ് കണ്ടത്.