
റായ്പൂര്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന മത്സരം നാളെ റായ്പൂരില്‍. ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ടെസ്റ്റ് പരമ്പരയിലെ തോല്‍വി ആദ്യ മത്സരത്തിലെ ജയം കൊണ്ട് തല്ക്കാലം മറക്കാം. പക്ഷേ, ആദ്യ മത്സരത്തിലെ പ്രകടനം കൊണ്ട് പരമ്പര പിടിക്കാനാവില്ലെന്ന് സമ്മതിക്കുന്നു ആരാധകര്‍. ബാറ്റിങ്ങില്‍ വിന്റേജ് ഡബിള്‍ എഞ്ചിനില്‍ തന്നെയാണ് ടീമിന്റെ വിശ്വാസം. രോഹിത്, കോലി സഖ്യം കഴിഞ്ഞാന്‍ എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നതാണ് വസ്തുത.
രോഹിത് പുറത്തായ ശേഷം സ്കോറിങിന് വേഗം കുറഞ്ഞതും റാഞ്ചിയില്‍ കണ്ടു. ജയ്സ്വാളും റിതുരാജുമടക്കമുള്ള യുവതാരങ്ങള്‍ റണ്‍സ് കണ്ടെത്തിയാല്‍ മാത്രമേ ടീമിന്റെ ബാറ്റിങിന് കരുത്താകൂ. ക്യാപ്റ്റന്‍ കെ എല്‍ രാഹുലടക്കം ഉള്ളപ്പോള്‍ വാഷിങ്ടണ്‍ സുന്ദറെ നേരത്തെയിറക്കിയുള്ള പരീക്ഷണത്തിനും ഏറെ വിമര്‍ശനങ്ങള്‍ കേട്ടു. ബാറ്റിങ്ങിനേക്കാളേറെ ബോളിങ്ങില്‍ ആശങ്കകളുണ്ട് ടീമിന്. കുല്‍ദീപിന്റെ ഗെയിം ചേഞ്ചിങ് പ്രടകനമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തായത്. വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനം മോശമാണെങ്കില്‍ കൂടി രണ്ടാം ഏകദിനത്തില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.
11 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ പോയിട്ടും ദക്ഷിണാഫ്രിക്ക 332 റണ്‍സ് അടിച്ചുകൂട്ടി എന്നത് ടീമിന് ആശങ്ക തന്നെയാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ആര്‍ക്കും പിശുക്കില്ല. റായ്പൂരിലെ ഇതുവരെയുള്ള രണ്ട് മത്സരങ്ങളിലും ജയം നേടിയെന്ന ആത്മവിശ്വാസിത്തിലാകും ടീം ഇന്ത്യ നാളെയിറങ്ങുന്നത്. കിവീസിനെതാരയ ഏകദിന മത്സരവും ഓസ്ട്രേലിയക്കെതിരായ ട്വന്റി 20യും ഇന്ത്യ ജയിച്ചത് പക്ഷേ, ബോളിങ് കരുത്തിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര ജയത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയാവുന്നതും ബൗളിംഗ് തന്നെ.


