തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ നേരിട്ട് മന്ത്രിയെ അറിയിക്കാൻ ആരംഭിച്ച റിങ് റോഡ് പദ്ധതി വലിയ വിജയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി ഒരു വർഷം പിന്നിട്ടതിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിച്ചത്.
തുടക്കം മുതൽ തന്നെ റിങ് റോഡ് പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആളുകളുടെ പരാതികൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുള്ള ഇടപെടൽ നടത്താനും സാധിച്ചു. ഉദ്യോഗസ്ഥരും അതോടൊപ്പം ഉണർന്നുപ്രവർത്തിച്ചു.
പത്ത് ഫോൺ ഇൻ പരിപാടികളാണ് ഒരു വർഷത്തിനുള്ളിൽ നടത്തിയത്. ആകെ 228 പരാതികൾ കേട്ടു. ഇതിൽ 99 പരാതികൾ പൂർണമായും പരിഹരിച്ചു. 129 പരാതികൾ തുടർനടപടികളിലാണ്.
റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച വിവരങ്ങളും ജനങ്ങളുടെ പരാതികളും വേഗത്തിൽ മനസിലാക്കാനും അത് പരിഹരിക്കാനും റിംഗ് റോഡ് പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്. റിംഗ് റോഡ് ഫോൺ പരിപാടിയിലൂടെ ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനും വകുപ്പും ജനങ്ങളും ഒരുമിച്ച് പോകുന്ന അവസ്ഥ സൃഷ്ടിക്കാനും സാധിച്ചു. ഒരു വർഷത്തെ അനുഭവങ്ങൾ മുൻനിർത്തി പരിപാടി കൂടുതൽ സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരങ്ങളുടെ നവീകരണം ഉൾപ്പെടെ റിങ് റോഡ് പരിപാടി വഴി കൂടുതൽ കാര്യക്ഷമമാക്കാൻ സാധിച്ചു. നിയമ നടപടികൾ നേരിട്ടും അല്ലാതെയും റോഡരികിൽ കാലങ്ങളായി കിടന്ന വാഹനങ്ങൾ എടുത്തു മാറ്റാനുള്ള സുപ്രധാന തീരുമാനം ഈ പരിപാടിയിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ചതാണ്. പി ഡബ്ലിയുഡി ഫോർ യു എന്ന ആപ്പ് വഴി മാത്രം ഇതുവരെ 19432 പരാതികൾ വന്നിട്ടുണ്ട്. അതിൽ 14201 എണ്ണം പരിഹരിക്കാൻ കഴിഞ്ഞു. പരാതികൾ കേൾക്കാനും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കഠിനമായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അങ്ങേയറ്റം അഭിന്ദിക്കുന്നു.
ഉദ്യോഗസ്ഥരും പൊതുജങ്ങളും എല്ലാം ഉൾപ്പെടുന്ന ഈ സംവിധാനത്തെ ശരിയായി ചലിപ്പിക്കാൻ ആണ് ലക്ഷ്യമിട്ടത്. ജങ്ങൾക്ക് പൊതുമരാമത്തു പോലെ അവരുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള വകുപ്പിൽ ഒരു ഇടം ഉണ്ടാവണമെന്നാണ് വകുപ്പ് ആഗ്രഹിക്കുന്നത്. അത് നടപ്പിലാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.