കൊച്ചി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പെൻഷൻ റദ്ദാക്കിയ തീരുമാനം സർക്കാർ പുനഃപരിശോധിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം സ്വീകരിച്ച നടപടിയാണ് പിൻവലിക്കുന്നത്. അനർഹരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും പെൻഷൻ ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയതിനാലാണ് തീരുമാനം.
ബിപിഎൽ കാർഡുള്ളവർക്കും ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും പ്രതിമാസം 1,600 രൂപയാണ് ഭിന്നശേഷി പെൻഷൻ. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റോ കേന്ദ്രസർക്കാരിൻ്റെ യു.ഡി.ഐ.ഡി കാർഡോ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പെൻഷൻ വിതരണം നിർത്തിവയ്ക്കുമെന്നുമായിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച് പല പഞ്ചായത്തുകളും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കത്തയച്ചു. 18 വയസ്സ് തികഞ്ഞാൽ മാത്രമേ സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കൂ. ബൗദ്ധിക വളർച്ചയിൽ വ്യത്യാസമുണ്ടാകാമെന്നതിനാൽ 18 വയസ്സിന് താഴെയുള്ളവർക്ക് സ്ഥിര സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് കേന്ദ്ര നിയമം വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ അനർഹർക്കുള്ള പെൻഷൻ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാനദണ്ഡം പരിഷ്കരിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച നിർദേശപ്രകാരമാണ് നടപടി. 25,000 ത്തിലധികം കുട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിഷയം ചർച്ചയായതോടെ ഇക്കാര്യത്തിൽ വിശദീകരണം തേടി ധനവകുപ്പ് വീണ്ടും ആരോഗ്യ ഡയറക്ടറേറ്റിനു കത്തയച്ചു. പെൻഷൻ റദ്ദാക്കിയ ഉത്തരവിൽ തിരുത്തൽ ഉണ്ടാകുമെന്നും മറുപടിയിൽ പറയുന്നു. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെ പെൻഷൻ വിതരണം തുടരും.