ചിന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ റിവേഴ്സ് സ്ലിപ്പ് സംവിധാനം നടപ്പാക്കുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ മറയൂർ ചിന്നാർ വരെയുള്ള അന്തർ സംസ്ഥാന പാതയിൽ 16 കിലോമീറ്റർ സുരക്ഷിത യാത്ര ഒരുക്കുന്നതിനും, വാഹനങ്ങൾ നിർത്തി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതും, യാത്രക്കാർ വനത്തിലേക്ക് പ്രവേശിക്കുന്നതും തടയാനാണ് പദ്ധതി നടപ്പാക്കുന്നത്.
കാട്ടുതീ തടയാനുള്ള മുൻകരുതലും ലക്ഷ്യമിടുന്നു. കഴിഞ്ഞ ദിവസം ഒന്നര കൊമ്പൻ്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് പദ്ധതി നടപ്പാക്കുന്ന സമയം.
മറയൂരിന് സമീപം കരിമൂട്ടി ചെക്ക് പോസ്റ്റിനും കേരള-തമിഴ്നാട് അതിർത്തിയിലെ ചിന്നാർ ചെക്ക് പോസ്റ്റിനുമിടയിൽ 16 കിലോമീറ്റർ ദൂരമാണ് പദ്ധതി നടപ്പാക്കുക. മറയൂരിൽ നിന്ന് ഉദുമലൈയിലേക്ക് യാത്ര ചെയ്യുന്ന വാഹന ഉടമകൾ കരിമൂട്ടി ചെക്ക് പോസ്റ്റിലെ തയ്യാറാക്കി വെച്ചിരിക്കുന്ന സ്ലിപ്പിൽ വാഹന നമ്പർ, യാത്രക്കാരുടെ എണ്ണം, ഡ്രൈവറുടെ പേര്, സ്ഥലം, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ രണ്ടിടങ്ങളിലായി രേഖപ്പെടുത്തണം.