
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ റിട്ട. എ.എസ്.ഐ.യെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നു മുതല്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതികളില്‍ അച്ഛനും മകനും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. കാഞ്ഞിരംകുളം മുലയന്താന്നി വേങ്ങനിന്ന വടക്കരുക് വീട്ടില്‍ റിട്ട. എ.എസ്.ഐ. മനോഹരന് (57) ആണ് കൊല്ലപ്പെട്ടത്.
കേസിലെ ഒന്നാം പ്രതി മുലയന്താന്നി ക്ഷേത്രത്തിന് സമീപം വേങ്ങനിന്ന തടത്തരികത്തുവീട്ടില്‍ സുരേഷ് (42), രണ്ടാം പ്രതി തങ്കുടു എന്ന് വിളിക്കുന്ന വിജയന് (69), വിജയന്റെ മകന് സുനില്‍ (36) എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ വിധിച്ചു.
2021 ജനുവരി 27-ന് രാത്രി 8.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മനോഹരനും പ്രതികളും അയല്‍വാസികളാണ്. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് താലൂക്ക് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പ്രതികള്‍ കൈവശം വെച്ചിരുന്ന ചാനല്‍ക്കര പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. മനോഹരനും ഭാര്യയും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്നതെന്ന് ആരോപിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയത്.
പ്രതികള്‍ മനോഹരന്റെ വീട്ടിലെത്തി ഇരുമ്പുകമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. കമ്പികൊണ്ടുള്ള അടിയില്‍ മനോഹരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാത്രവുമല്ല മനോഹരന്റെ ഭാര്യ അനിതയ്ക്കും പരിക്കേറ്റിരുന്നു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി ഏഴിന് പുലര്‍ച്ചെ മനോഹരന് മരിച്ചു.
സംഭവത്തെ തുടര്‍ന്ന് മൂന്ന് പ്രതികളെയും കാഞ്ഞിരംകുളം പോലീസ് പിടികൂടിയിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ. അജികുമാര്‍ ഹാജരായി. തിങ്കളാഴ്ച ശിക്ഷയില്‍മേലുള്ള വാദം നടക്കും. തുടര്‍ന്ന് വിധിപ്രസ്താവം നടക്കും.
