കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (SDRF) ഫലപ്രദമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കുലർ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. 14-03-2020 ന് കേന്ദ്ര അഭ്യന്തര വകുപ്പ് അയച്ച സർക്കുലർ പ്രകാരം, കോവിഡ്-19 പകർച്ചവ്യാധിയെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായ രീതിയിൽ SDRF ഉപയോഗിക്കാനാകുമായിരുന്നു. അതുപ്രകാരം കോവിഡ്-19 കാരണം മരിക്കുന്ന ആളുടെ കുടുംബത്തിനു SDRF-ൽ നിന്നും 4 ലക്ഷം രൂപ അനുവദിക്കാൻ സാധിക്കുമായിരുന്നു. ചികിത്സയ്ക്കുള്ള പണം എസ്ഡിആർഎഫിൽ നിന്നും കണ്ടെത്താനുള്ള അനുമതിയുമുണ്ടായിരുന്നു.
എന്നാൽ ഈ വ്യവസ്ഥകൾ പിൻവലിച്ചുകൊണ്ട് പുതിയ ഒരു സർക്കുലർ അയച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് കോവിഡ്-19 ദുരിതാശ്വാസത്തിനായി SDRF കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമാവുകയുണ്ടായി. ഈ നടപടി തിരുത്തണമെന്നും, സംസ്ഥാനത്തിന് കോവിഡ്-19 കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ആദ്യത്തെ സർക്കുലർ ഔദ്യോഗികമായി പുനസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.