തിരുവനന്തപുരം: സിപിഎം മാതൃകയിൽ കോൺഗ്രസിലും റിപ്പോർട്ടിങ് ശൈലി വരുന്നു. നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ താഴെത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യാൻ ഡിസിസികളുടെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിച്ചു തുടങ്ങി. ഡിസിസികളുടെ നേതൃയോഗങ്ങളിൽ കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരുമാണ് റിപ്പോർട്ടിങ് നടത്തുന്നത്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തന്നെയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിസിസിയുടെ നേതൃയോഗത്തിൽ സുധാകരൻ തന്നെ ക്യാംപിലെ തീരുമാനങ്ങൾ വിശദീകരിച്ചു. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും ഇതു തുടരും. തീരുമാനങ്ങൾ കീഴ്കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരം ഡിസിസിയിൽ 55 അംഗ ടീം രൂപീകരിച്ചു. ജനപ്രതിനിധികളും മുതിർന്ന നേതാക്കളും ഒക്കെ ഉൾപ്പെടുന്നതാണ് ടീം. റിപ്പോർട്ടിങ് എങ്ങനെ വേണമെന്നു നിശ്ചയിക്കാൻ 19ന് ഇവർക്കായി ഏകദിന ക്യാംപ് നടത്തുന്നുണ്ട്.
കെ.സുധാകരന്റെ ആശയമായി ഏറ്റവും താഴെത്തട്ടിൽ രൂപികരിക്കുന്ന അയൽക്കൂട്ട കമ്മിറ്റികളുടെ രൂപീകരണത്തിനും ഈ ടീം മേൽനോട്ടം വഹിക്കും. നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ രേഖയായി തന്നെ കീഴ്ക്കമ്മിറ്റികളിലേക്ക് എത്തിക്കുകയും ചെയ്യും. ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ആറുമാസത്തെ സമയമാണ് ഭാരവാഹികൾക്കു നൽകുക. അതിനു കഴിയാത്തവർ സ്വയം മാറി നിൽക്കണം. ഇല്ലെങ്കിൽ ആറുമാസത്തിനുശേഷം നേതൃത്വം ഇടപെട്ട് മാറ്റുമെന്നാണ് സുധാകരന്റെ മുന്നറിയിപ്പ്.
നേതൃത്വത്തിന്റെ തീരുമാനങ്ങൾ കീഴ്കമ്മിറ്റികൾ മാധ്യമങ്ങളിലൂടെ അറിയുന്നതിന് മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്നാണ്, റിപ്പോർട്ടിങ് എന്ന് വിശേഷിപ്പിക്കാതെ തന്നെ പുതിയ രീതിയെ നേതാക്കൾ വിശദീകരിക്കുന്നത്.