തിരുവനന്തപുരം: കർണാടകയിലെ ലോകായുക്ത ഭരണകക്ഷി എം.എൽ.എയുടെ വീട്ടിൽ റെയ്ഡ് നടത്തി കോടികൾ വിലമതിക്കുന്ന കൈക്കൂലി പണം പിടിച്ചെടുത്തപ്പോൾ പിണറായി സർക്കാർ വന്ധ്യംകരിച്ച കേരളത്തിലെ ലോകായുക്ത ഒരു കാഴ്ചയായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിടുമ്പോഴും വിധി പറയാൻ ലോകായുക്ത തയ്യാറായിട്ടില്ല. വാദം പൂർത്തിയാക്കി ആറ് മാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം കേരള ലോകായുക്തയ്ക്ക് ബാധകമല്ല.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരൻ്റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷവും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ. കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്ക് പുറമെ സ്വര്‍ണ, വാഹനവായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയൻ്റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷവും അനുവദിച്ചു എന്നിവയാണ് ലോകായുക്തയ്ക്കെതിരെയുള്ള ആരോപണം. രോഗങ്ങൾ, അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയ്ക്കാണ് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം. ഇക്കാര്യത്തിൽ മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാറിന്റെ ഹർജി പ്രസക്തമാണെന്ന് ലോകായുക്ത പരസ്യമായി സമ്മതിച്ചിട്ടുണ്ടെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്തത് മുഖ്യമന്ത്രിയെ ഭയന്നാണെന്ന വിമർശനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.