
ന്യൂഡൽഹി : വനിതാ ദിനമായ മാർച്ച് 8 മുതൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.’പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നത് രാജ്യതലസ്ഥാനത്തെ 48 ബിജെപി എം.എൽ.എമാരുടേയും ഉത്തരവാദിത്തമാണ്. സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നടപ്പാക്കും. മാർച്ച് എട്ടിന് തന്നെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമെത്തും’, രേഖ ഗുപ്ത പറഞ്ഞു.ലക്ഷകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി രാംലീല മൈതാനത്ത് ഉച്ചയ്ക്കായിരുന്നു രേഖാ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പർവേഷ് സാഹിബ് സിംഗ് വെർമ, ആശിഷ് സൂദ്, മൻജീന്ദർ സിംഗ് സിർസ, രവീന്ദർ ഇന്ദ്രജ് സിംഗ്, കപിൽ മിശ്ര, പങ്കജ് കുമാർ സിംഗ് എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാർ, എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, ബി.ജെ.പി എം.പിമാർ എന്നിവർ പങ്കെടുത്തു. രേഖാ ഗുപ്ത ഡൽഹിയുടെ വികസനത്തിനായി പൂർണശക്തിയോടെ പ്രവർത്തിക്കുമെന്ന വിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു.
