മനാമ: പുതിയ ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച ആരംഭിക്കും. മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് ബഹ്റൈനിൽ ക്യാമ്പിങ് സീസൺ തിരിച്ചെത്തുന്നത്. ബഹ്റൈനിന്റെ ക്യാമ്പിംഗ് സീസൺ 2023 നവംബർ 10 മുതൽ ആരംഭിച്ച് 2024 ഫെബ്രുവരി 29 വരെ തുടരും. സതേൺ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം, ബാപ്കോ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണ സീസൺ ഒരുക്കുന്നത്.
സതേൺ ഗവർണറേറ്റ് ഗവർണറായ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ക്യാമ്പിംഗ് സീസൺ ഒരുക്കുന്നത്. സ്വന്തം ടെന്റുകൾക്കു പുറമെ വാടകക്കും ടെന്റുകൾ ലഭ്യമാണ്. മിനി ടെന്റുകളിൽ താമസിക്കുന്ന ഇവർ പോർട്ടബിൾ കുക്കിങ് ഗ്യാസ് സ്റ്റൗവ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കും. ഇത്തവണ ക്യാമ്പിങ് സൈറ്റ് ഒരുക്കുന്നത് എണ്ണ ഖനന മേഖലയിൽനിന്ന് ദൂരെയാണ്. അതുകൊണ്ടുതന്നെ സുരക്ഷ ഭീഷണിയുണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു.
പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ. “ഖേയം” സംരംഭത്തിന് കീഴിൽ ഈ വർഷം ഒരു ഡിജിറ്റൽ ആപ്പും ഉണ്ട്. അറബിയിലും ഇംഗ്ലീഷിലും ലഭ്യമായ “Aljunobya” മൊബൈൽ ആപ്ലിക്കേഷനിലൂടെ, ഈ വർഷത്തെ ക്യാമ്പിംഗ് സീസണിൽ ആവശ്യമായ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. ഇതുവഴി ക്യാമ്പർമാരുമായും സന്ദർശകരുമായും ആശയവിനിമയം വർധിപ്പിക്കുന്നതിനും എല്ലാവർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ ക്യാമ്പിംഗ് ഉറപ്പാക്കുന്നത്തിനും സാധിക്കും. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കില്ല. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവരിൽനിന്ന് കനത്ത പിഴ ഈടാക്കാനും ആലോചനയുണ്ട്.
അവാലി മുതൽ സാഖിർ വരെയാണ് ക്യാമ്പിങ് നടക്കുക. തണുത്ത കാലാവസ്ഥ ആസ്വദിച്ച് ക്യാമ്പിങ് നടത്താൻ ഇത്തവണയും ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്. പാരിസ്ഥിതികവും സുരക്ഷാസംബന്ധവുമായ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ടെന്റിങ് അനുവദിക്കുക. campers@southern.gov.bh എന്ന ഇ-മെയിലിലും 17750000 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. അൽ ജനോബിയ ആപ്പിൽ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങൾ ലഭിക്കും.