ചെന്നൈ: വരുന്ന രണ്ട് ദിവസവും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. ചെന്നൈയിൽ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ചെന്നൈയിൽ അടക്കം 9 ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിന്റെ അടിയിലാണ്. പ്രധാന റോഡുകളും അടിപ്പാതകളിലും വെള്ളക്കെട്ട് തുടരുകയാണ്. ബസ് ഗതാഗതവും ഭാഗികമായാണ് നടക്കുന്നത്. അതേസമയം, മെട്രോ, ട്രെയിൻ, വിമാന സർവീസുകള്‍ക്ക് തടസമുണ്ടായിട്ടില്ല. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കൽപെട്ട്, കൂടല്ലൂർ, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാദുരൈ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളും സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
