മനാമ: ബഹ്റൈനിൽ നിന്ന് പ്രവാസികൾ പുറത്തേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശവുമായി എം.പിമാർ. ഇതുസംബന്ധിച്ച കരട് ബിൽ ഏതാനും എം.പിമാർ ചേർന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. 200 ബഹ്റൈൻ ദിനാറിനു താഴെ അയക്കുമ്പോൾ ഒരു ശതമാനവും 201 മുതൽ 400 ദിനാർ വരെ രണ്ടു ശതമാനവും 400 ദിനാറിന് മുകളിൽ അയക്കുമ്പോൾ മൂന്നു ശതമാനവും നികുതി ചുമത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്. നിക്ഷേപ സംരക്ഷണവുമായി ബന്ധപ്പെട്ട കരാറുകൾ, മൂലധന കൈമാറ്റം തുടങ്ങിയവക്ക് ഇളവ് അനുവദിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അംഗീകൃത ധനകാര്യ സ്ഥാപനം മുഖേന പണമയക്കുമ്പോൾ തന്നെ നികുതി ഈടാക്കണമെന്നാണ് പറയുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് നാഷനൽ റവന്യൂ ബ്യൂറോ നികുതി ശേഖരിക്കും. പ്രവാസികൾ ബഹ്റൈനിൽനിന്ന് പ്രതിവർഷം ഏകദേശം ഒരു ബില്യൺ ദിനാർ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .