ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഏതു സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ തയാറെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ. രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കപ്പെട്ട ജമ്മു കശ്മീരിനു സംസ്ഥാന പദവി തിരിച്ചു നൽകുന്നതു സംബന്ധിച്ച വിശദീകരണത്തിലാണ് പരാമർശം.
കേന്ദ്ര ഭരണ പ്രദേശമാക്കിയ തീരുമാനം താത്കാലികമാണെന്നും, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ഉടൻ നൽകാമെന്നും ചൊവ്വാഴ്ച തന്നെ കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നതാണ്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ജനാധിപത്യ ഭരണസംവിധാനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് വ്യക്തമായ സമയക്രമം നൽകാൻ കോടതി നിർദേശിച്ചിരുന്നു.