2023 ജനുവരി 1ന് പേയ്മെന്റ് തട്ടിപ്പ് റിപ്പോർട്ടിംഗ് മൊഡ്യൂൾ റിസർവ് ബാങ്കിന്റെ അഡ്വാൻസ്ഡ് സൂപ്പർവൈസറി മാനേജ്മെന്റ് സിസ്റ്റമായ ദക്ഷിലേക്ക് മാറ്റുമെന്ന് ആർബിഐ പ്രഖ്യാപിച്ചു. തട്ടിപ്പിന്റെ റിപ്പോർട്ടിംഗ് കാര്യക്ഷമമാക്കുന്നതിനും ഈ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും അത് കൈകാര്യം ചെയ്യുന്ന രീതി ഓട്ടോമേറ്റ് ചെയ്യുന്നതിനുമായാണ് ഇത് ദക്ഷിലേക്ക് മാറ്റുന്നത്.
പണമിടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിന് നിലവിലുള്ള ബൾക്ക് അപ്ലോഡ് സൗകര്യത്തിന് പുറമേ ദക്ഷ് അധിക പ്രവർത്തനങ്ങൾ നൽകുന്നുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മേക്കർ ചെക്കർ സൗകര്യം, ഓൺലൈൻ സ്ക്രീൻ അധിഷ്ഠിത റിപ്പോർട്ടിംഗ്, കൂടുതൽ വിവരങ്ങൾ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ, അലേർട്ടുകളും ഉപദേശങ്ങളും നൽകാനുള്ള സൗകര്യം എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ എല്ലാ അംഗീകൃത പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരും പേയ്മെന്റ് സിസ്റ്റം പങ്കാളികളും അവരുടെ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുകയോ കണ്ടെത്തുകയോ ചെയ്ത എല്ലാ പേയ്മെന്റ് തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യണമെന്ന് റിസർവ് ബാങ്ക് സർക്കുലറിൽ പറഞ്ഞു. ഇലക്ട്രോണിക് ഡാറ്റ സബ്മിഷൻ പോർട്ടൽ (ഇഡിഎസ്പി) വഴിയാണ് ഈ റിപ്പോർട്ടിംഗ് മുമ്പ് നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ ദക്ഷിലേക്ക് മാറ്റുന്നത്.