കൊല്ലം: അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള ‘റേഷൻ റൈറ്റ് കാർഡ്’ പദ്ധതിക്ക് ജില്ലയിൽ ഉടൻ തുടക്കമാകും. വിവരശേഖരണത്തിന്റെ ആദ്യഘട്ടം സിവിൽ സപ്ലൈസ് വകുപ്പ് പൂർത്തിയാക്കി. ‘ഒരു രാജ്യം, ഒരു റേഷൻകാർഡ്’ പദ്ധതിയുടെ ഭാഗമായാണ് റേഷൻ റൈറ്റ് കാർഡ് പുറത്തിറക്കുന്നത്. ജില്ലയിൽ ഇതുവരെ 728 അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. തമിഴ്, കന്നട, അസം, ബംഗാൾ, ഒഡീഷ ഭാഷകളിലാണ് കാർഡ് തയ്യാറാക്കുന്നത്. ആധാർ കാർഡ് സ്വന്തം നാട്ടിലെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ റേഷൻ റൈറ്റ് കാർഡ് ലഭിക്കുകയുള്ളൂ. ഈ കാർഡിൽ ഉൾപ്പെടുന്ന ഒരാൾക്ക് 5 കിലോ റേഷൻ സാധനങ്ങൾക്ക് അർഹതയുണ്ടാവും.
തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന ആധാർ നമ്പർ ഉപയോഗിച്ചാണ് ഇവരുടെ നാട്ടിലെ റേഷൻകാർഡ് നമ്പർ കണ്ടെത്തുന്നത്. ആധാറും റേഷൻകാർഡ് നമ്പറും രേഖയായി സ്വീകരിക്കും.അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ് നടപ്പാക്കുന്നത് വഴി സിവിൽ സപ്ലൈസ് വകുപ്പ് ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണ്. റേഷൻ സാധനങ്ങൾ നൽകാനാണ് കാർഡ് ഏർപ്പെടുത്തുന്നതെങ്കിലും റേഷൻകടകളിൽ നിന്ന് തൊഴിലാളി ക്യാമ്പുകളിലക്ക് റേഷൻ അരി ഉൾപ്പെടെയുള്ളവ കരിഞ്ചന്തയിലെത്തുന്നത് തടയാൻ സാധിക്കുമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക് കൂട്ടൽ.
വിവരങ്ങൾ ശേഖരിക്കാൻ തൊഴിലാളി ക്യാമ്പുകളിൽ എത്തുമ്പോൾ ആധാർ ഉൾപ്പെടെയുള്ള രേഖകൾ നൽകാൻ പലരും മടിക്കുന്നുവെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു. ഇവരിൽ നിന്ന് പൊലീസും എക്സൈസും തൊഴിൽവകുപ്പും രേഖകൾ ഉൾപ്പെടെ വാങ്ങി വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ സിവിൽ സപ്ലൈസ് വകുപ്പും എത്തിയതോടെയാണ് മുഖം തിരിച്ചു നിൽക്കുന്നത്. തുടർന്ന് വാർഡ് കൗൺസിലർമാർ വഴിയും തൊഴിലാളികളുടെ കരാറുകാർ വഴിയുമാണ് പലരിൽ നിന്നും രേഖകൾ ശേഖരിച്ചത്. റേഷൻറൈറ്റ് കാർഡിന് വിവരങ്ങൾ നൽകാത്ത തൊഴിലാളികളെ പൊലീസ് പൊക്കും. അന്യസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ റോഹിങ്ക്യൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയവരുമുണ്ട്. ഇവരാണ് രേഖകൾ നൽകാൻ മടിക്കുന്നത്. ഇത്തരക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച് പൊലീസിന് കൈമാറും.