കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധിയുടെ ആഴം ഒന്നുകൂടി വർദ്ധിപ്പിക്കുവാൻ ഇടയാക്കുന്ന പലിശ നിർണയ ഉത്തരവ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.കേരള ബാങ്കിനെ സഹായിക്കുവാനും കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കുവാനും ഉതകുന്നതാണ് പലിശ നിർണയ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള രജിസ്ട്രാറുടെ സർക്കുലർ.
കാലാകാലങ്ങളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾ അതേ പലിശ നിരക്കിൽ ആണ് കേരളബാങ്ക് സ്വീകരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾക്ക് 9.50 ശതമാനം പലിശയാണ് നൽകേണ്ടി വരുന്നത്. അത് കേരള ബാങ്കിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്നത് 8.50 ശതമാനമാണ്. ഈ ഇനത്തിൽ വരുന്ന ഭാരിച്ച നഷ്ടം നികത്താനാ കാത്തതാണ്. കേരളത്തിലെ സഹകരണ സംഘങ്ങളുടെ
നിക്ഷേപത്തിന്റെ 20% തരള ധനമായി സൂക്ഷിക്കേണ്ടതാണ്. സർവീസ് സഹകരണ ബാങ്കുകൾക്ക് ഒഴികെ ഒരു സഹ സ്ഥാപനത്തിനും ഒരുതരത്തിലുമുള്ള സാമ്പത്തിക സഹായവും കേരള ബാങ്കിൽ നിന്നും ലഭിക്കുന്നില്ല. ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ഇപ്പോഴും പൂർണമായി നടപ്പിലാക്കാൻ കഴിയാത്ത കേരള ബാങ്കിന് വേണ്ടി
മറ്റ് ബാങ്കുകളിലുള്ള CASAനിക്ഷേപങ്ങൾ പൂർണമായി മാറ്റണം എന്ന് പറയുന്നത് ന്യായീകരിക്കാൻ കഴിയില്ല.
ഈ സാഹചര്യത്തിൽ ന്യായയുക്തമല്ലാത്തതും പ്രാഥമിക സംഘങ്ങളുടെ കഴുത്തുഞെരിച്ചു കൊല്ലുന്നതുമായ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നും കേരള ബാങ്കിലെ സഹകരണ സംഘങ്ങൾക്കുള്ള നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കണമെന്നും
സഹരണജനാധിപത്യ വേദി ചെയർമാൻ ആവശ്യപ്പെടുന്നു .