
കൊച്ചി:ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന് ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ ഒമ്പതരയോടെയാണ് വേടന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ വേടന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലായിരുന്നു വേടനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു.ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം. കേസില്‍ പൊലീസ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റ് ചെയ്താലും ഉടന്‍ സ്റ്റേഷന് ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം.
എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത മറ്റൊരു കേസിലും വേടന് പ്രതിയാണെങ്കിലും ഈ കേസിലെ പരാതിക്കാരി ഇതുവരെ മൊഴി നല്കാത്തതിനാല് തുടര്‍ നടപടികള്‍ വൈകുകയാണ്. പൊലീസുമായി സഹകരിക്കുമെന്ന് പൊലീസ് സ്റ്റേഷനില്‍ വേടന് മാധ്യമങ്ങളോട് പറഞ്ഞു.കോടതിയുടെ പരിഗണനയിലുള്ളതിനാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പറയാൻ കഴിയില്ല. താൻ ഇവിടെ തന്നെയുണ്ടെന്നും എവിടെയും പോകുന്നില്ലെന്നും മാധ്യമങ്ങളെ കാണുമെന്നും വേടൻ പറഞ്ഞു. അകത്തുപോയി സംസാരിച്ചിട്ട് വരാമെന്നും എല്ലാം പിന്നീട് പറയാമെന്നും വേടൻ പറഞ്ഞു.
യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ അതിജീവിത മുൻകൂർ ജാമ്യം നൽകുന്നതിനെ കോടതിയിൽ എതിർത്തിരുന്നു. ഹിരൺദാസ് മുരളിയെന്ന വേടൻ സെപ്റ്റംബർ 9,10 ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന പ്രധാന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. വിവാഹത്തിൽ നിന്ന് വേടൻ പിന്മാറിയത് മാനസികാരോഗ്യം തകർത്തുവെന്നും അത് കൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നുമാണ് അതിജീവതയുടെ അഭിഭാഷക വാദിച്ചത്.


