തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കണം ഉണ്ടാകുമെന്ന് രഞ്ജിത്ത് പറഞ്ഞു. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.
1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ൽ ‘ദേവാസുരം’ എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഒരു വഴിത്തിരിവായി മാറി.
സിനിമയും അതിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രവും മലയാള സിനിമയിലെ തന്നെ ക്ലാസ്സിക്ക് സ്ഥാനം നേടി. തുടർന്ന് ആറാം തമ്പുരാൻ, സമ്മർ ഇൻ ബെത്ലഹേം, നരസിംഹം, വല്യേട്ടൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. 2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകന്റെ തൊപ്പിയും അണിഞ്ഞു.
പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. മോഹൻലാൽ നായകനായ ഡ്രാമയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിരവധി തവണ സംസ്ഥാന- ദേശീയ പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
നടൻ എന്ന നിലയിലും തന്റേതായ പ്രതിഭ തെളിയിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഉണ്ട, അയ്യപ്പനും കോശിയും, കൂടെ തുടങ്ങിയ സിനിമകൾ ആദത്തിന്റെ അഭിനയമികവിന്റെ തെളിവാണ്. ഭീഷ്മപർവ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
