ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ നടനും അവതാരകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവുമായ ഇടവേള ബാബുവും പങ്കെടുത്തു. ഐശ്വര്യ കേരളയാത്രയ്ക്ക് ഹരിപ്പാട്ട് നൽകിയ സ്വീകരണ വേദിയിലാണ് ഇരു താരങ്ങളും അണിനിരന്നത്. രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നതു സംബന്ധിച്ച് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇടവേള ബാബു അപ്രതീക്ഷിതമായാണ് കോൺഗ്രസ് വേദിയിലെത്തിയത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ചേർന്ന് രമേഷ് പിഷാരടിയെയും ഇടവേള ബാബുവിനെയും സ്വീകരിച്ചു. രമേഷ് പിഷാരടി നേരത്തെ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും യൂത്ത് കോൺഗ്ര്സ നേതാക്കളുമായും ചർച്ച നടത്തിയിരുന്നു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി ജോയ്സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.