
ആലപ്പുഴ: പാലക്കാട്ടെ എലപ്പുള്ളി മദ്യനിര്‍മ്മാണ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒയായിസ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു വകുപ്പും അറിയാതെയാണ് നീക്കം നടത്തിയത്.പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയത്. കൂടാതെ ഡല്‍ഹിയിലും കമ്പനിയ്ക്കെതിരേ ജലമലിനീകരണത്തിന്റെ പേരില്‍ ധാരാളം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യനിര്‍മ്മാണ് പ്ലാന്റിന് അനുമതി നല്‍കിയത് നടപടികള്‍ പാലിച്ചായിരുന്നു. അന്ന് പരസ്യം നല്കി അപേക്ഷ ക്ഷണിച്ചിരുന്നു. ചുരുക്കപട്ടിക തയ്യാറാക്കി തിരഞ്ഞെടുക്കുകയായിരുന്നു.2019-ന് ശേഷം കേരളത്തില്‍ പുതിയതായി മദ്യനിര്‍മ്മാണ കമ്പനികള്‍ വേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍, ഇപ്പോള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയാണ് ഈ കമ്പനിയ്ക്ക് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
സിപിഐ പോലെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജെഡിഎസും എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത് നിയമസഭയില്‍ ഞാന്‍ എഴുതിച്ചോദിക്കുകയുണ്ടായി. നിയമസഭയില്‍ തന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് മുഖ്യമന്ത്രിയാണ്. തിരിച്ച് ആരോപണം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇക്കാര്യത്തില്‍ എക്സൈസ് മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി. നിയമസഭയില്‍ അന്ന് പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് നയം മാറ്റി വീണ്ടും എങ്ങനെ അനുമതി നല്‍കിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഭൂഗര്‍ഭജലം ക്ഷാമം നേരിടുന്ന സ്ഥലം ആണ് എലപ്പുള്ളി. ഇവിടെയാണ് കൊക്കോക്കോളയ്ക്ക് എതിരേ പ്ലാച്ചിമട സമരം നടന്നത്. ഇവിടെയാണ് പെപ്സി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയത്. ഞാനവിടെ പോയിരുന്നു, ഭൂമി മുഴുവന്‍ വിണ്ടുകീറി കിടക്കുകയാണ്. ഭൂഗര്‍ഭജലമാണ് അവിടുത്തെ ജനങ്ങള്‍ കുടിവെള്ളത്തിനും കൃഷിയ്ക്കും ഉപയോഗിക്കുന്നത്. പണ്ട് 150 കുഴിച്ചാല്‍ വെള്ളം കിട്ടുമായിരുന്നു ഇന്ന് 400, 500 അടി കുഴിക്കണം എന്നാലേ ഭൂഗര്‍ഭ ജലം ലഭിക്കൂ.
ഇവിടെ ഇത്തരത്തിലുള്ള കമ്പനിയെ ആരു കൊണ്ടുവന്നു. അവരുമാത്രം എങ്ങനെ ഇതൊക്കെ എങ്ങനെ അറിഞ്ഞു. മററുള്ളവര്‍ക്ക് എന്തുകൊണ്ട് അവസരം കൊടുത്തില്ല. ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി മാത്രമായി മദ്യനിര്‍മ്മാണ കമ്പനികള്‍ മുഴുവന്‍ നല്‍കാനുള്ള ഒരു ഉദ്ദേശ്യം ഇതിന് മുന്നിലുണ്ട്. അതാണ് അഴിമതി. ഇത്് ഞാന്‍ നിയമസഭയില്‍ പറഞ്ഞ കാര്യമാണ്. ഈ സ്ഥലത്ത് കുടിവെള്ളത്തിനും പ്രശ്നമുണ്ട്.
മഴ വെള്ളസംഭരണി മാതൃകയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്. മഴക്കുഴിക്ക് മാത്രമായി പതിനഞ്ച് ഏക്കര്‍ സ്ഥലം വേണം. പെയ്യുന്ന മഴ മുഴുവന്‍ സംഭരിക്കുക അവിടെ അസാധ്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ കമ്പനിക്ക് ആകെ 26 ഏക്കര്‍ മാത്രമാണുള്ളത്. ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ സ്ഥലം ഉപയോഗപ്പെടുത്തണം.
ഭൂഗര്‍ഭ ജലം ഉപയോഗിക്കാനാണ് കമ്പനിക്ക് ആദ്യം അനുമതി നല്‍കിയത്. ഇത് വിവാദമായപ്പോഴാണ് മഴവെള്ളം എന്നാക്കിയത്. എംബി രാജേഷ് പറയുന്നത് പോലെയുള്ള അളവില്‍ മഴയും പാലക്കാട് ലഭിക്കില്ല. മലമ്പുഴ ഡാമിലെ വെള്ളം കാര്‍ഷിക ആവശ്യത്തിനുള്ളതാണ്. ഹൈക്കോടതി തന്നെ ഇത് പറഞ്ഞിട്ടുണ്ട്. പദ്ധതിക്ക് ജനങ്ങള്‍ എതിരാണ്. ഉത്തരവ് പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവിടെ ഉല്പാദിപ്പിക്കേണ്ടത് മദ്യം അല്ലെന്നും നെല്ലാണെന്നും ആകെ മൊത്തം ദുരൂഹതയാണെന്നും ഒരു കാരണവശാലം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
