തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് കിറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ ഓണക്കിറ്റ് കിട്ടുമെന്ന് കാത്തിരുന്നവർക്ക് നിരാശപ്പെടേണ്ടി വന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് 30 ലക്ഷത്തിലധികം പേർക്ക് ലഭിച്ചിട്ടില്ലെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. 90.67 ലക്ഷം കാർഡ് ഉടമകളിൽ ഇന്നലെ വരെ 60.60 ലക്ഷം പേർക്കാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റ് സ്റ്റോക്കുണ്ടെന്ന് ഇപോസ് മെഷീൻ സംവിധാനത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കടകളിൽ എത്തിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
എന്നാൽ ഇന്ന് ഉച്ചയോടെ 70 ലക്ഷത്തിധികം പേർക്ക് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കടകളിൽ വരുന്നവർക്കെല്ലാം കിറ്റ് നൽകുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആഗസ്റ്റ് 16 ഓടെ ഓണക്കിറ്റ് വിതരണം പൂർത്തീകരിക്കണമെന്ന് എല്ലാ റേഷൻ കടകൾക്കും നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്രാടം ദിവസമായിട്ടും കിറ്റ് വിതരണം പൂർത്തിയായിട്ടില്ല. കിറ്റിലെ വിഭവങ്ങളിൽ പലതും സ്റ്റോക്ക് ഇല്ലാത്തത് കാരണമാണ് വിതരണം വൈകിയത് എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. സ്റ്റോക്ക് ഇല്ലാത്ത സാധനങ്ങൾക്ക് പകരം മറ്റ് വസ്തുക്കൾ ഉൾപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.