തിരുവനന്തപുരം: പ്രതിപക്ഷം നേരത്തെ അഴിമതി പിടികൂടിയതിനെത്തുടര്‍ന്ന് നിര്‍ത്തി വച്ച ഈ മൊബിലിറ്റി പദ്ധതി പിന്‍വാതിലുടെ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ കരിമ്പട്ടികയില്‍ പെട്ട വിവാദ കമ്പനി പ്രൈസ് വാട്ടര്‍ കൂപ്പറുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ച ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഴിമതി നടത്തുന്നതിനാണ് ഈ പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍ പറത്തിയുള്ള നീക്കമാണ് നടത്തുന്നത്. ഹെസ്സ് എന്ന വിദേശ കമ്പനിയെ വഴിവിട്ട് സഹായിക്കാനും കമ്മീഷനടിക്കുന്നതിനുമുള്ള പദ്ധതിയാണിത്. പ്രതിപക്ഷം അഴിമതി കണ്ടു പിടിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു എന്ന ആശ്വസത്തില്‍ പൊതുജനം ഇരിക്കുമ്പോഴാണ് ആ പദ്ധതി വീണ്ടും പൊടി തട്ടി എടുക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന് ചര്‍ച്ചയുടെ മിനിട്സ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല പദ്ധതി സംബന്ധിച്ച ഒന്‍പത് ചോദ്യങ്ങളും ഉന്നയിച്ചു.
പദ്ധതിക്കെതിരെ ഒന്‍പത് ചോദ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്കി
- ഏത് നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചാണ് HESS എന്ന കമ്പനിയെ ഇ-ബസ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്?
- ആരാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഇതിനായി കണ്‍സള്‍ട്ടാന്റായി തെരെഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി തെരഞ്ഞെടുത്തത്?
- ഹെസ് എന്ന കമ്പനിയെ മാത്രം മുന്‍നിറുത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വര്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ്.ആരാണ് ഇതിന് മുന്‍കൈ എടുത്തത്?
- ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?
- ജോയിന്റ് വെന്‍ച്ച്വറില്‍ സ്വകാര്യ കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും സര്‍ക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?
- 6000 കോടി രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെണ്ടര്‍ ക്ഷണിക്കാതിരുന്നത്?
- ചീഫ് സെക്രട്ടറിയുടെ ധനകാര്യവകുപ്പും ഉന്നയിച്ച തടസ്സവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?
- ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സുമായുളള ചീഫ് സെക്രട്ടറിതല മീറ്റിംഗില്‍ ഹെസ് കമ്പനിയുടെ പ്രതിനിധികള്‍ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?
- കരാര്‍കമ്പനിയെ മുന്‍കൂട്ടി നിശ്ചയിച്ച് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടേയും, മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണോ?
കത്തിന്റെ പൂര്‍ണ്ണരൂപം
സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായ ഹെസ് കമ്പനിയുമായി ചേര്‍ന്നുള്ള ഇ-മൊബിലിറ്റി പദ്ധതിയുടെ നിര്‍വ്വഹണപ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മുന്നോട്ട് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. കൂടാതെ ഈ പദ്ധതിയുടെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി താങ്കളുടെ അദ്ധ്യക്ഷതയില്‍ 02.11.2021 ന് ഒരു മീറ്റിംഗ് നടന്നതായും മനസ്സിലാക്കുന്നു. ഒട്ടേറെ ആരോപണങ്ങളുടേയും ക്രമക്കേടുകളുടേയും പശ്ചാത്തലത്തില്‍ ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്ന ആശ്വാസമാണ് പൊതുസമൂഹത്തിനുണ്ടായിരുന്നത്.
എന്നാല്‍ ഈ വിവാദ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനം തികച്ചും പ്രതിഷേധാര്‍ഹമാണ്. നിരവധി ക്രമക്കേടുകളാണ് ഈപദ്ധതിയുടെ നിര്‍വ്വഹണവുമായി തുടക്കം മുതല്‍ തന്നെ നടന്നിട്ടുള്ളത്. സെബി നിരോധിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന വിവാദ കമ്പനിയെയാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ- ബസ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
സെബിയുടെ നിരോധനം മറികടക്കുന്നതിന് ഈ കമ്പനി സ്വീകരിച്ചിട്ടുള്ള വളഞ്ഞ വഴികളും, നിയമത്തിന്റെ പഴുതുകള്‍ മറികടക്കാനെടുത്ത കുതന്ത്രങ്ങളും പൊതുസമൂഹത്തില്‍ നിരവധി തവണ ചര്‍ച്ചചെയ്തിട്ടുള്ളതാണ്. കൂടാതെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് ഈ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിനെതിരെ ഇന്ത്യയിലെ മികച്ച നിയമജ്ഞരായ ജസ്റ്റിസ് എ.പി ഷായും, അഡ്വ. പ്രശാന്ത് ഭൂഷണും അടക്കമുള്ളവര്‍ ഉയര്‍ത്തിയ എതിര്‍പ്പുകളും, വിമര്‍ശനങ്ങളും, താങ്കള്‍ക്ക് അവര്‍ നല്കിയ കത്തുകളും ഈ അവസരത്തില്‍ വീണ്ടും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഈ എതിര്‍പ്പുകളേയും, മുന്നറിയിപ്പുകളേയും അവഗണിച്ചുകൊണ്ട് പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങുന്നതിന്റെ ആവശ്യവും ചേതോവികാരവും എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഇ-മെബിലിറ്റി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍ടിസിക്ക് ഇ-ബെസുകള്‍ നിര്‍മ്മിച്ചു നല്കാന് സ്വിറ്റ്സര്‍ലെന്‍ഡ് ആസ്ഥാനമായ HESS എന്ന കമ്പനിയെ സര്‍ക്കാര്‍ തെരഞ്ഞെടുത്തതിലും വലിയ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. National Informatics Cetnre Services Inc. (NICSI (നിക്സി) എം-പാനല്‍ കമ്പനിയായതുകൊണ്ടാണ് ടെണ്ടര്‍ ഇല്ലാതെ നല്‍കിയതെന്ന താങ്കളുടെ വാദങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല എന്ന കാര്യം മുന്‍പ് നിരവധി തവണ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു കമ്പനിയെ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുക്കേണ്ടത് എങ്ങനെയാണ് എന്നത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നിക്സി പുറപ്പെടുവിച്ചിട്ടുണ്ട്. അത് പ്രകാരം ഒരു പ്രത്യേക കമ്പനിയെ കണ്‍സള്‍ട്ടന്റായി നിശ്ചയിക്കാന്‍ തീരുമാനിച്ചാല്‍ ആ വിവരം നിക്സിയെ അറിയിക്കണം.
പിന്നീട് നിക്സി അവരുമായി കരാറില്‍ ഏര്‍പ്പെടണം. നിക്സി എംപാനല്‍ ചെയത കമ്പനികള്‍ക്ക് ടെണ്ടര്‍ ഒഴിവാക്കി കരാര്‍ നല്‍കാമെന്ന് കേരളം ക്യാബിനറ്റ് തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ പ്രസ്തുത തീരുമാനത്തിന്റെ പകര്‍പ്പ് കേരള സമൂഹത്തിന് മുന്നില്‍ വയ്ക്കണമെന്ന് ഞാന്‍ നിരവധി തവണ താങ്കളോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നും സൗകര്യപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന സമീപനമാണ് താങ്കള്‍ സ്വീകരിച്ചത്. 2013 ല്‍ പുറത്തിറക്കിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ മൊബിലിറ്റി മിഷന് പ്ലാന്‍ 2020 പ്രകാരമാണ് കേരളത്തിലും ഇ- മൊബിലിറ്റി പദ്ധതി കൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടുന്നത്.
ഈ പദ്ധതി തികച്ചും സുതാര്യമായി നടത്താന്‍ സാധിക്കും എന്നിരിക്കേ സ്വിസര്‍ലെന്‍ഡ് ആസ്ഥാനമായ HESS എന്ന കമ്പനിയെ വഴിവിട്ടു സഹായിക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2018 മുതല്‍ പ്രസ്തുത കമ്പനിയുമായി വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. ഈ കമ്പനിയുടെ നിര്‍ദേശപ്രകാരമാണ് കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡുമായി ചേര്‍ന്ന് ഒരു ജോയിന്റ് വെഞ്ച്വര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍പ് ആലോചന നടത്തിയത്.
എന്നാല്‍ ഇവരുമായി ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിടാനുള്ള ശ്രമം അന്നത്തെ ചീഫ് സെക്രട്ടറിയുടേയും, ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ് നടക്കാതെ പോയത്. ഇക്കാര്യത്തില്‍ മുന്‍പ് പല തവണ പല സന്ദര്‍ഭങ്ങളായി ഉന്നയിച്ചിരുന്ന ചോദ്യങ്ങള്‍ ഞാന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.
- ഏത് നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചാണ് HESS എന്ന കമ്പനിയെ ഇ-ബസ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്?
- ആരാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഇതിനായി കണ്‍സള്‍ട്ടാന്റായി തെരെഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി തെരഞ്ഞെടുത്തത്?
- ഹെസ് എന്ന കമ്പനിയെ മാത്രം മുന്‍നിറുത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വര്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ്.ആരാണ് ഇതിന് മുന്‍കൈ എടുത്തത്?
- ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?
- ജോയിന്റ് വെന്‍ച്ച്വറില്‍ സ്വകാര്യ കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും സര്‍ക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?
- 6000 കോടി രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെണ്ടര്‍ ക്ഷണിക്കാതിരുന്നത്?
- ചീഫ് സെക്രട്ടറിയുടെ ധനകാര്യവകുപ്പും ഉന്നയിച്ച തടസ്സവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?
- ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സുമായുളള ചീഫ് സെക്രട്ടറിതല മീറ്റിംഗില്‍ ഹെസ് കമ്പനിയുടെ പ്രതിനിധികള്‍ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?
- കരാര്‍കമ്പനിയെ മുന്‍കൂട്ടി നിശ്ചയിച്ച് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടേയും, മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ്?
ഈ ചോദ്യങ്ങള്‍ക്ക് താങ്കളില്‍ നിന്നും കൃത്യവും, വ്യക്തവുമായ ഉത്തരം പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
കെ.എസ്.ആര്.ടിക്ക് പുതിയ വൈദ്യുതി ബസ്സുകള്‍ ലഭ്യമാക്കുന്നതിനോ, കാലോചിതമായ നവീകരണ പ്രവര്‍ത്തനങ്ങളും, ആധുനിക പരിഷ്കാരങ്ങളും നടത്തുന്നതിനോ ആരും എതിരല്ല. എന്നാല്‍ വളഞ്ഞ വഴിയിലുടേയും, അഴിമതി മുന്നില്‍കണ്ടും നടത്തുന്ന യാതൊരു നടപടിയേയും പൊതുസമൂഹം ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കും. കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളത്തിനും, പെന്‍ഷനും ആവശ്യമായ ഫണ്ട് പോലും കൃത്യമായി ലഭ്യമാക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ഒരു വിദേശ കമ്പനിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് യാതൊരു മാനദണ്ഡവും പാലിക്കാതെ നല്കാന് ശ്രമിക്കുന്നത്. കെ.എസ്.ആര്.ടി.സിക്ക് ഈ കരാര്‍ വന്‍സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കും, യൂണിയനുകള്‍ക്കും വലിയ ആശങ്കയുണ്ട്. ഈ ഇടപാടിലൂടെ കെ.എസ്.ആര്.ടി.സിക്ക് 540 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഉണ്ടാകുമെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അടിമുടി ക്രമക്കേടുകളും, ദുരൂഹതകളും നിറഞ്ഞതും കെ.എസ്.ആര്‍ടിക്ക് വലിയ സാമ്പത്തികബാധ്യതയും, നഷ്ടവും വരുത്തിവയ്ക്കുന്നതുമായ ഈ പദ്ധതിയുമായി ഇന്നത്തെ നിലയില്‍ ഇപ്രകാരം തന്നെ മുന്നോട്ട് പോകേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണം.
ഇ-മൊബിലിറ്റിപദ്ധതിക്കോ, ഇ-ബസ് നിര്‍മ്മാണത്തിനോ ആരും എതിരല്ല എന്നാല്‍ സുതാര്യവും, സത്യസന്ധവുമായ കൂടിയാലോചനകളിലൂടെയും, ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചും മാത്രമേ ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങാവൂ എന്ന് ഞാന്‍ വീണ്ടും ആവശ്യപ്പെടുകയാണ്. കൂടാതെ ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് താങ്കളുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ (02.11.2021) ചേര്‍ന്ന യോഗത്തിന്റെ മിനിട്സ് കൂടി അടിയന്തിരമായി പുറത്തുവിടണമെന്നും താല്പര്യപ്പെടുന്നു.