തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടി കേസ് നടത്തിപ്പിന് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ രമേശ് ചെന്നിത്തല നിയമ യുദ്ധം നടത്തിയിരുന്നു.
സൗമ്യാ വധം, ചലച്ചിത്ര നടിയ്ക്ക് എതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളില്‍ സ്പെഷ്യല്‍ പബ്ളിക് പ്രസിക്യൂട്ടറായിരുന്ന അഡ്വ.സുരേശനെ നിയമസഭാ കയ്യാങ്കളിക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ നിര്‍ദ്ദേശിച്ചു.
നീതി നിര്‍വഹണത്തിനുള്ള ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റാതെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കൂട്ടു നിന്ന അതേ പ്രോസിക്യൂട്ടറോ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാല്‍ അത് പ്രഹസനമായി മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അത് നീതിന്യായ വ്യവസ്ഥിതിയെ പരാജയപ്പെടുത്തുകയും പൊതു താത്പര്യത്തെ അട്ടിമറിക്കുകയും ചെയ്യും.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രീംകോടതി അതിനിശിതമായ വിമര്‍ശനമാണ് നടത്തിയെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തി. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട ഈ കേസില്‍ പ്രതികളും സര്‍ക്കാരും ഒന്നിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണുണ്ടായത്. ദൃശ്യമാദ്ധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ ആരൊക്കെയാണ് അത് ചെയ്തതെന്ന് വ്യക്തമാകുന്നില്ലെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. ഇത് നട്ടുച്ചയെ ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാദ്ധ്യതയുള്ള സര്‍ക്കാരണ് നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചത്.
അതിനാല്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും നീതി നിര്‍വഹണം ഉറപ്പാക്കപ്പെടുന്നതിനും ഈ കേസിന്റെ വിചാരണയ്ക്ക് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത് അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.