തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്കുന്ന അവസരത്തില്‍ വിദൂരമായി പോലും മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായി. അത്തരം ഒരു പരാമര്‍ശം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. -രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
കേരളീയ സമൂഹം ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു. ആറന്മുളയിലെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനാണ്. ലോകത്തിന്റെ മുന്നില്‍ കേരളത്തെ തീരാകളങ്കത്തിലേക്ക് തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.