രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരടക്കം 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഇരുവരുടെ ഭാഗത്തുനിന്ന് ഗുരുതര അശ്രദ്ധയുണ്ടായെന്ന് അധികൃതർ പറഞ്ഞു. എൻഒസി ഇല്ലാതെയാണ് ഗെയിമിങ് സെന്റർ പ്രവർത്തിച്ചിരുന്നതെന്നും വേണ്ടത്ര സുരക്ഷാ ചട്ടങ്ങൾ പാലിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പൊലീസ് ഇൻസ്പെക്ടർമാരായ വി.ആർ. പട്ടേൽ, എൻ.ഐ. റാത്തോഡ്, രാജ്കോട്ട് മുൻസിപ്പൽ കോർപറേഷൻ ടൗൺ പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ജയ്ദീപ് ചൗധരി, അസിസ്റ്റന്റ് ടൗൺ പ്ലാനർ ആർ.എം.സി. ഗൗതം ജോഷി, രാജ്കോട്ട് റോഡ്സ് ആൻഡ് ബിൽഡിങ് വിഭാഗം ഡെപ്യൂട്ടി എക്സിക്യുട്ടിവ് എൻജിനിയർ എം.ആർ.സുമ എന്നിവർക്കെതിരെയാണ് നടപടി.