ജോലാര്‍പേട്ട (തമിഴ്നാട്): 32 വര്‍ഷം ജയിലില്‍ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവില്‍ മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹര്‍ജികളിലാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തില്‍ നേരത്തെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജയിലില്‍ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.
മുപ്പത്തിയൊന്നു വര്‍ഷമായി അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് തന്റെ ശിക്ഷാ ഇളവെന്ന്, രാജീവ് ഗാന്ധി വധക്കേസില്‍ മോചിപ്പിക്കപ്പെട്ട പേരറിവാളന്. അമ്മ അര്‍പ്പുതമ്മാളിന് മധുരം നല്‍കിയാണ്, സുപ്രീം കോടതി ശിക്ഷാ ഇളവ് നല്കിയ വാര്‍ത്ത പേരറിവാളന് ആഘോഷിച്ചത്. നിലവില്‍ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലാണ് പേരറിവാളന്.
മോചന വാര്‍ത്ത അറിഞ്ഞതോടെ ജോലാര്‍പേട്ടയിലെ വീട്ടിലേക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടയും ഒഴുക്കാണ്. വികാര നിര്‍ഭര രംഗങ്ങള്‍ക്കാണ പേരറിവാളന്റെ വീട് സാക്ഷ്യം വഹിച്ചത്. പേരറിവാളന്റെ വിവാഹം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ബന്ധുക്കളുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പിതാവ് പറഞ്ഞു.
ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം പ്രയോഗിച്ചുകൊണ്ടാണ്, ജസ്റ്റിസ് എല്‍ നാഗേശ്വറ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ശിക്ഷിക്കപ്പെട്ടു മുപ്പതു വര്‍ഷത്തിനു ശേഷമാണ് പേരറിവാളന്റെ മോചനം.
പേരറിവാളനെ മോചിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഇനിയും തടവില്‍ പാര്‍പ്പിക്കാനാവില്ലെന്ന കോടതി വ്യക്തമാക്കി. പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനത്തിന് ഗവര്‍ണര്‍ എന്‍എന്‍ രവി അംഗീകാരം നല്‍കിയിരുന്നില്ല. മോചനത്തിന് അധികാരം രാഷ്ട്രപതിക്കു മാത്രമാണെന്നായിരുന്നു ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്.
മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് പേരറിവാളന്റെ മോചനത്തില്‍ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് ഇക്കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ ഇളവ് ആവശ്യപ്പെട്ട്, 47കാരനായ പേരറിവാളന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
1991 മെയ് 21നാണ്, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വച്ച് കൊല്ലപ്പെട്ടത്. ധനു എന്ന എല്‍ടിടിഇ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ചായിരുന്നു കൊലപാതകം. കേസില്‍ പേരറിവാളന്, മുരുകന്, ശാന്തന്, നളിനി എന്നിവര്‍ക്കു കോടതി വധശിക്ഷ വിധിച്ചു. 2014ല്‍ പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
