ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. രജനി മക്കൾ മൻട്രം പാർട്ടി പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയായി ഇത് തുടരാൻ അദ്ദേഹം അറിയിച്ചു. മക്കൾ മൻട്രത്തിലെ പ്രവർത്തകരുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാർട്ടി പിരിച്ചുവിട്ടതായി രജനികാന്ത് അറിയിച്ചത്. രാഷ്ട്രീയ കൂട്ടായ്മയുടെ പേരിൽ ഇനി പ്രവർത്തനങ്ങൾ നടത്തരുതെന്നും യോഗത്തിൽ രജനികാന്ത് നിർദ്ദേശിച്ചു.
ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന തീരുമാനവും തനിക്കില്ലെന്ന് രജനികാന്ത് വ്യക്തമാക്കി. രജനി മക്കൾ മൻട്രത്തെ ‘രജനീകാന്ത് റസിഗർ നർപ്പാനി മൻട്രം അഥവാ രജനീകാന്ത് ഫാൻസ് വെൽഫെയർ ഫോറം എന്ന് രൂപമാറ്റം വരുത്തുകയും ചെയ്യുമെന്നും താരം അറിയിച്ചു. നേരത്തെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും താരം തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആരോഗ്യനില കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് മാറണമെന്ന് ഡോക്ടർമാർ രജനികാന്തിനു നിർദ്ദേശം നൽകിയിരുന്നു . ഇതനുസരിച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയത്. ഇതേ തുടർന്ന് തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമാണ് നടന്നത്.