മനാമ: ബഹ്റൈൻ ആവേശപൂർവം കാത്തിരിക്കുന്ന സംഗീതരാവിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. പാർലമെന്റ് അംഗവും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അഹ്മദ് അൽ ബന്നായിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘റെയ്നി നൈറ്റ്’ വെള്ളിയാഴ്ച രാത്രി (ഇന്ന്) ഏഴിന് ക്രൗൺ പ്ലാസയിലെ ബഹ്റൈൻ കോൺഫറൻസ് സെന്ററിൽ അരങ്ങേറും.
മലയാള ഗാനരംഗത്തെ മുൻനിര താരങ്ങളായ സിത്താരയും ഹരീഷ് ശിവരാമകൃഷ്ണനും ഒത്തുചേർന്ന് സംഗീത വിസ്മയമൊരുക്കുന്ന വേദിയിൽ മെന്റലിസ്റ്റ് ആദിയുടെ പ്രകടനവും ആരാധകർക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിക്കുക.

മഴയുടെ പശ്ചാത്തലത്തിൽ പെയ്തിറങ്ങുന്ന ഗാനങ്ങൾ ശാന്തമായിരുന്ന് ആസ്വദിക്കാം. ദക്ഷിണേന്ത്യയിൽതന്നെ പ്രശസ്തരായ സാങ്കേതിക വിദഗ്ധരുടെ സംഘമാണ് റെയ്നി നൈറ്റിന് പശ്ചാത്തല സംവിധാനമൊരുക്കുന്നത്. എല്ലാ അർഥത്തിലും ഏറ്റവും മികച്ച ദൃശ്യ, ശ്രാവ്യ അനുഭവം പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്ന ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയ്ൻ മുഖ്യ പ്രായോജകരാകുന്ന പരിപാടിയുടെ ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിലാണ്. ഫാമിലി സോണിൽ നാല് പേർക്ക് 150 ദീനാറും കപ്ൾ സോണിൽ രണ്ട് പേർക്ക് 75 ദീനാറും ഡയമണ്ട് സോണിൽ ഒരാൾക്ക് 50 ദീനാറും ഗോൾഡ് സോണിൽ ഒരാൾക്ക് 25 ദീനാറുമാണ് പരിപാടിയുടെ ടിക്കറ്റ് നിരക്ക്. www.wanasatime.com എന്ന വെബ്സൈറ്റിലൂടെയും +973 34619565 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.