തിരുവനന്തപുരം :സംസ്ഥാത്തെന മഴ ഭീതി കുറയുന്നു. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത.മറ്റ് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. എന്നാൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളത്തെ 12 ജില്ലകളിലെ ഓറഞ്ച് അലർട്ടുകളും പിൻവലിച്ചു.
മഴ മാറി നിന്നതോടെ ഇടുക്കിയുടെ മലയോര മേഖലയിൽ ആശ്വാസം. നീരൊഴുക്ക് കാര്യമായി കുറയാത്തതിനാൽ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലുണ്ട്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ നേരിയ തോതിൽ മാത്രമാണ് ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായത്. മഴ മാറി നിന്നാൽ നീരൊഴുക്ക് കുറയുമെന്നും ഡാമിലെ ജലനിരപ്പ് താഴുമെന്നുമാണ് കെ എസ് ഇ ബി കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാൽ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകളിൽ ഒന്നോ രണ്ടോ അടയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
മഴ മാറിയതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് , അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് വെള്ളക്കെട്ടുള്ളത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗതം പുനസ്ഥാപിച്ചു. എ.സി. റോഡിൽ ഭാഗികമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
അതേസമയം, മഴക്കെടുതിയെ തുടർന്ന് രൂക്ഷമായ കൃഷിനാശമാണ് ആലപ്പുഴ ജില്ലയിലെ കർഷകർ നേരിടുന്നത്. ഇന്ന് പുലർച്ചെ ചെറുതന പാണ്ടിയിലെ , തേവേരി പാടശേഖരത്തിൽ മട വീണു 400 ഏക്കറിലെ രണ്ടാം കൃഷി നശിച്ചു. 18 കോടിയിലധികം രൂപയുടെ കൃഷിനാശം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.