തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. സെപ്റ്റംബർ 29ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്ന് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 24,27, 28 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
24-09-2023 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
27-09-2023: ആലപ്പുഴ, എറണാകുളം, ഇടുക്കി
28-09-2023: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പ്രത്യേക ജാഗ്രതാ നിർദ്ദേശംതെക്കൻ കേരളത്തിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.