തിരുവനന്തപുരം: 2025-നുള്ളിൽ സംസ്ഥാനത്തെ ട്രാക്കുകളിലെ പരമാവധി വേഗം 130 കിലോമീറ്ററായി ഉയർത്താൻ റെയിൽവേ ഒരുങ്ങുന്നു. ഷൊർണ്ണൂർ – കണ്ണൂർ 175 കി.മീറ്ററാണ് ആദ്യപടിയായി കൂട്ടുക. ട്രാക്കുകൾ ബലപ്പെടുത്തിയും, വളവുകൾ നികത്തിയും, ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിലൂടെയാണ് വേഗം കൂട്ടുക. പഴയ മോഡൽ പാളങ്ങൾ നവീകരിക്കും.
കണ്ണൂർ-മംഗലാപുരം (131 കി.മീ.), കൊല്ലം- തിരുവനന്തപുരം (64 കി.മീ.) ഭാഗങ്ങളിൽ 2025-26 ൽ പരമാവധി വേഗം 130 കിലോമീറ്ററായി ഉയർത്തും. തിരുവനന്തപുരം-മംഗളൂരു പാതയുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാപഠനം അന്തിമഘട്ടത്തിലാണ്. ആലപ്പുഴ-കോട്ടയം പാതകളിൽ ഒരേ സമയം അറ്റകുറ്റപ്പണിയും നവീകരണവും നടത്തും. പൂർത്തീകരിക്കുന്നതോടെ മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗം കൈവരിക്കുകയാണ് ലക്ഷ്യം.